പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ; ചാറ്റ്ജിപിടിയ്ക്കും മൊബൈൽ ഫോണിനും വിലക്കേർപ്പെടുത്തി സിബിഎസ്ഇ

ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിന് വിലക്ക്. മൊബൈൽഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്കും പരീക്ഷാഹാളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാർത്താക്കുറിപ്പിലൂടെയാണ് സിബിഎസ്ഇ ഇക്കാര്യം അറിയിച്ചത്.

ചാറ്റ്ജിപിടി പരീക്ഷയ്ക്ക് ഉപയോഗിക്കുന്നത് ശരിയായ മാർഗമല്ല. പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നത് പരീക്ഷാ വിലക്ക് അടക്കമുള്ള ശിക്ഷാനടപടികൾക്ക് കാരണമാകുമെന്ന് സിബിഎസ്ഇ അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങളിൽ വീഴാതെ ജാഗ്രതപാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സിബിഎസ്ഇ വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി മനുഷ്യസമാനമായ രീതിയിൽ സംവദിക്കാൻ സാധിക്കുന്ന ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി. മനുഷ്യ സമാനമായ രീതിയിൽ ഉള്ളടക്കങ്ങൾ നിർമിച്ചെടുക്കാനും സംഭാഷണം നടത്താനും ഇതിലൂടെ കഴിയും.