ബി.ബി.സി. ഡൽഹി, മുംബൈ ഓഫീസുകളിലെ റെയ്ഡ് തുടരുന്നു; ജീവനക്കാരുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ബി.ബി.സി. ഡൽഹി, മുംബൈ ഓഫീസുകളിലെ റെയ്ഡ് തുടരുന്നു. ചില ജീവനക്കരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബിബിസിയുടെ പ്രവർത്തനം പതിവുപോലെ തുടരുമെന്നും പരിശോധനയോട് സഹകരിക്കുമെന്നും ബിബിസി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധനയ്ക്കിടെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര നികുതിയടക്കമുള്ളവയിലെ ക്രമക്കേടുകൾ, ലാഭം വകമാറ്റൽ, ബി.ബി.സിയുടെ ഉപകമ്പനികളുടെ ട്രാൻസ്ഫർ വിലനിർണ്ണയത്തിൽ ക്രമക്കേടുകൾ എന്നിവ ആരോപിച്ചാണ് ആദായനികുതി പരിശോധന നടത്തുന്നത്. എന്നാൽ റെയ്ഡല്ല നടത്തുന്നതെന്നും സർവ്വേയാണ് നടത്തുന്നതെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെയുള്ള കേന്ദ്ര സർക്കാറിന്റെ പ്രതികാര നടപടിയാണ് റെയ്‌ഡെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്‌സ് രംഗത്തെത്തി. പരിശോധന ഭീഷണിപ്പെടുത്തലെന്ന് ഐഎഫ്‌ജെ വിമർശിച്ചു.

മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവർത്തനം തടയരുതെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിന്റെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുമെന്നും എൻബിഡിഎ അഭിപ്രായപ്പെട്ടു.