മാസം 85,000 രൂപ വാടക; മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സംസ്ഥാന സർക്കാർ. മാസം 85,000 രൂപ വാടക വരുന്ന വീടാണ് സജി ചെറിയാന് വേണ്ടി സർക്കാർ ഔദ്യോഗിക വസതിയായി അനുവദിച്ചത്. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392-ാം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന് വേണ്ടി അനുവദിച്ചിട്ടുള്ളത്. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യം ഇവിടെയുണ്ട്.

ഒരു വർഷം വാടകയിനത്തിൽ മാത്രം 10.20 ലക്ഷം രൂപയോളം ചെലവാകും. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ഉടൻ നടത്തുമെന്നാണ് വിവരം. ലക്ഷങ്ങൾ ചെലവഴിച്ചാകും മോടിപിടിക്കൽ നടക്കുക. സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് ഔദ്യോഗിക വസതിയായി വാടകക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദമാക്കിയിട്ടുള്ളത്. നേരത്തെ ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നൽകിയതും വാടക വീടാണ്. ചീഫ് വിപ്പിന് അനുവദിച്ച വീടിന്റെ പ്രതിമാസ വാടക 45,000 രൂപയായിരുന്നു.

ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി കൊള്ളയിൽ ജനജീവിതം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഇത്തരത്തിലുള്ള നടപടികൾ.