ന്യൂഡൽഹി: ബിബിസി ഓഫീസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബിബിസിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മോദി: ദി ഇന്ത്യ ക്വസ്റ്റിയൻ’ എന്ന ബിബിസി ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെയാണ് റെയ്ഡ്. അക്കൗണ്ട് ബുക്കുകൾ ഉൾപ്പെടെ റെയ്ഡിനെത്തിയവർ പരിശോധിക്കുന്നുണ്ട്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച്ച രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. എന്നാൽ, റെയ്ഡല്ല, വെറും പരിശോധന മാത്രമാണ് നടത്തുന്നതെന്നും ഫോണുകൾ തിരിച്ചുനൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധനയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ബിബിസി ഓഫീസുകളിലെ പരിശോധനയെ കുറിച്ച് പ്രതികരിച്ചത്. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ ആദ്യഭാഗം ജനുവരി രണ്ടാം വാരവും രണ്ടാം ഭാഗം ജനുവരി 24നും റിലീസ് ചെയ്തിരുന്നു. ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്നത് തടയാൻ കേന്ദ്രം ട്വിറ്ററിനും യൂട്യുബിനും നിർദേശം നൽകിയിരുന്നു. രാജ്യത്തൊട്ടാകെ ഡോക്യുമെന്ററി വിവാദം ഉയർന്നതോടെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പലഭാഗങ്ങളിലായി പ്രദർശനം നടത്തിയിരുന്നു.

