ജിഎസ്ടി കുടിശ്ശിക; നിർമ്മല സീതാരാമൻ പാർലമെൻറിൽ പറഞ്ഞത് തെറ്റാണെങ്കിൽ ബാലഗോപാൽ അത് തെളിയിക്കണമെന്ന് കെ സി വേണുഗോപാൽ

കണ്ണൂർ: ജിഎസ്ടി കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻറിൽ പറഞ്ഞത് തെറ്റാണെങ്കിൽ സംസ്ഥാന ധനമന്ത്രി ബാലഗോപാൽ അത് തെളിയിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അങ്ങനെ തെളിയിച്ചാൽ കോൺഗ്രസ് കൂടെ നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. പിണറായിയെ പേടിച്ച് കേരള ജനതയ്ക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കെ സുധാകരനെ മാറ്റാൻ എം പി മാർ ഹൈക്കമാൻഡിന് കത്ത് നൽകി എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. മോദി-അദാനി ബന്ധം എല്ലാവർക്കും വ്യക്തമാണ്. പാർലമെന്റിൽ അദാനി-മോദി ബന്ധത്തെക്കുറിച്ച് ചോദ്യം ചോദിക്കുന്നത് തെറ്റല്ലെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

2017 മുതൽ എ ജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്നാണ് നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കിയത്. കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകുമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞിരുന്നു. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിന്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ ലോക്‌സഭയിൽ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.