ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്തുന്നതിനുള്ള പ്രചോദനം; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്തുന്നതിനുള്ള പ്രചോദനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുൽവാമയിൽ നമുക്ക് നഷ്ടമായ ധീരന്മാരായ സൈനികരെ സ്മരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പുൽവാമയിൽ നമുക്ക് നഷ്ടമായ ധീരന്മാരായ സൈനികരെ സ്മരിക്കുന്നു. നമ്മൾ ഒരിക്കലും അവരുടെ ബലിദാനം വിസ്തമരിക്കില്ല. അവർ പകർന്നു നൽകിയ ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്താനുള്ള പ്രചോദനം-പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് നാലു വർഷം പൂർത്തിയാകുകയാണ്. രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് 2019 ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ 40 സൈനികരാണ് വീരമൃത്യു വരിച്ചത്. 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുമ്പോഴാണ് സ്‌ഫോടനം നടന്നത്.

പുൽവാമ ജില്ലയിലെ അവന്തിപുരയ്ക്കടുത്ത് ദേശീയപാതയിൽ വെച്ചായിരുന്നു സംഭവം. 100 കിലോ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് പുൽവാമ ഭീകരാക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദിൽ അഹമ്മദ് ദർ ആണ് ആക്രമണം നടത്തിയത്.