പാറ്റൂർ ഗുണ്ടാ ആക്രമണ കേസ്; ഗുണ്ടാനേതാവ് ഓം പ്രകാശ് ഉൾപ്പെടെയുള്ളവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാനേതാവ് ഓം പ്രകാശിനും കൂട്ടുപ്രതികൾക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നാല് പ്രതികൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ പിടിയിലാകാനുള്ള പ്രതികളാണിവർ.

വിവേക്, ശരത് കുമാർ, അബിൻ ഷാ തുടങ്ങിയവരാണ് ഓം പ്രകാശിനെ കൂടാതെ ഇനി പിടിയിലാകാനുള്ളവർ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 9 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

മറ്റ് പ്രതികളെ പിടികൂടാനായി സംസ്ഥാനത്തനകത്തും പുറത്തും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പോലീസ് തീരുമാനിച്ചത്. പ്രതികളെ കുറിച്ച് അറിയുന്നവർ പേട്ട പോലീസിന് വിവരം നൽകണമെന്നാണ് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുള്ളത്.