തിരുവനന്തപുരം: മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ വിദഗ്ധചികിത്സക്കായി നെയ്യാറ്റിന്കരയിലെ നിംസ് ആശുപത്രിയില് നിന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോയി. അദ്ദേഹം നേരത്തെ ചികിത്സ തേടിയിരുന്ന ബംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വൈകുന്നേരം 3.30 ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില് നിന്ന് എയര് ആംബുലന്സില് ഉമ്മന് ചാണ്ടി ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്.
നെയ്യാറ്റിന്കരയിലെ ആശുപത്രിയില് നിന്ന് കാറിലാണ് ഉമ്മന്ചാണ്ടി വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടത്. സര്വസജ്ജീകരണങ്ങളുമുള്ള ആംബുലന്സും കാറിനെ അനുഗമിച്ചിരുന്നു. മെഡിക്കല്സംഘവും ഒപ്പമുണ്ട്. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്, മറിയം ഉമ്മന്, അച്ചു ഉമ്മന് എന്നിവരും ഉമ്മന്ചാണ്ടിക്കൊപ്പമുണ്ട്. പാര്ട്ടി പ്രതിനിധിയായി ബെന്നി ബെഹ്നാനും അദ്ദേഹത്തിനൊപ്പം പോകുന്നുണ്ട്. നിംസ് ആശുപത്രിയില് നിന്നുള്ള മെഡിക്കല് സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തിനെതിരെ ഉയര്ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് ഉമ്മന്ചാണ്ടി തന്നെ പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില് വെച്ച് പ്രതികരിച്ചു.

