ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തി. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തെ പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിലാണ് തരൂരിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. രമേശ് ചെന്നിത്തലയും ഈ സമിതിയിൽ അംഗമാണ്. ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരളത്തിൽ നിന്നുള്ള ചില എംപിമാർ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ കോൺഗ്രസ് ഇതുവരെ ചർച്ച ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ശശി തരൂരിനെ ഒഴിവാക്കിയാലുണ്ടാകാവുന്ന തിരിച്ചടികളെ കുറിച്ച് നേതൃത്വം ചിന്തിക്കുന്നുണ്ട്. അതിനാൽ തന്നെ അനുകൂല നടപടിയാകും ഉണ്ടാകുകയെന്നാണ് തരൂർ അനുകൂലികൾ പ്രതീക്ഷിക്കുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ടില്ലെങ്കിൽ തരൂർ പിന്മാറാനാണ് സാധ്യതയുള്ളത്. അങ്ങനെയെങ്കിൽ നിർണ്ണായകമായ നീക്കങ്ങളിലേക്ക് തരൂർ കടന്നേക്കുമെന്നാണ് വിവരം.

