അഗര്‍ത്തല: ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനും ബി.ജെ.പിക്കും പുറമെ മൂന്നാംശക്തിയായി പ്രാദേശികകക്ഷിയായ തിപ്ര മോത്ത വളര്‍ന്നെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ത്രിപുരയില്‍ സംസ്ഥാനസെക്രട്ടറി ജിതേന്ദ്ര ചൗധരിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിരഞ്ഞെടുപ്പിനു മുമ്പ് തിപ്രയുമായി സഖ്യമുണ്ടാക്കാനായില്ലെങ്കിലും ഫലമറിഞ്ഞശേഷം പ്രാദേശികതലത്തില്‍ ധാരണയിലെത്താന്‍ സാധ്യതയുണ്ട്. പ്രദ്യോത് ദേബ് ബര്‍മന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്തയ്ക്ക് ഗോത്രവര്‍ഗ മേഖലകളില്‍ വന്‍ സ്വാധീനമാണുള്ളത്. 20 പട്ടികവര്‍ഗമണ്ഡലങ്ങളുള്‍പ്പെടെ 42 സീറ്റുകളിലാണ് പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നത്. തിപ്രയുമായി തിരഞ്ഞെടുപ്പിനുമുമ്പ് സഖ്യത്തിലെത്താന്‍ ബി.ജെ.പി.യും സി.പി.എമ്മും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ചര്‍ച്ചകള്‍ പാളുകയായിരുന്നു. ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്’- യെച്ചൂരി പ്രതികരിച്ചു.
അതേസമയം, ത്രിപുരയില്‍ അധികാരത്തിലെത്തിയാല്‍ പഴയ പെന്‍ഷന്‍പദ്ധതി പുനഃസ്ഥാപിക്കുമെന്ന സി.പി.എം പ്രകടനപത്രികയിലെ വാഗ്ദാനത്തിനെതിരെ ബി.ജെ.പി രംഗത്തു വന്നു. അധികാരത്തിലുള്ള കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്തവര്‍ എങ്ങനെ ത്രിപുരയിലത് കൊണ്ടുവരുമെന്നാണ് മന്ത്രി രാജ്‌നാഥ് സിങ് ചോദിച്ചത്.

