പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണ്; അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുൻപ് ചർച്ചകൾ നടത്തണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സമര ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരും. ബജറ്റ് അവതതരണത്തിന് പിന്നാലെയാണ് നികുതി നൽകരുതെന്ന് പ്രഖ്യാപിച്ച് സുധാകരൻ രംഗത്തെത്തിയത്. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ പണ്ട് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടായിരുന്നുവെന്നുമാണ് വിഷയത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.

അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിണറായി പറഞ്ഞിരുന്നുവെന്നും എന്നാൽ, അധിക നികുതി അടയ്ക്കരുതെന്ന് ഇപ്പോൾ കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ നടത്തിയ പരാമർശം.