തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ ന്യുമോണിയ ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പല രേഖകളും ഇതിനായി വ്യാജമായി നിർമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മകനെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ച് തനിക്ക് പൂർണമായ ശ്രദ്ധയും കരുതലുമുണ്ട്. പിതാവിന്റെ ചികിത്സയ്ക്കായി മനുഷ്യ സാധ്യമായതെല്ലാം താൻ ചെയ്യും. ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവരങ്ങൾ സമയമാകുമ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം വിശദീകരിച്ചു.
എല്ലാ മെഡിക്കൽ രേഖകളും തന്റെ പക്കലുണ്ട്. വ്യാജ ഡോക്യുമെന്റ് നിർമിച്ച് തന്റെ കുടുംബത്തോട് ക്രൂരത കാണിച്ചിരിക്കുകയാണ്. ആരോഗ്യം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. പുതുപള്ളിയിൽ നിന്നടക്കം നൂറുകണക്കിനാളുകൾ വന്നു. അതിന്റെ ഭാഗമായാണ് അദ്ദേഹം ന്യൂമോണിയ ബാധിതനായതെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
വ്യാജവാർത്തകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പോലീസിനോട് നിർദേശിക്കട്ടേ. വ്യാജപ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വൈകാതെ താൻ വെളിപ്പെടുത്തുമെന്നും ഉമ്മൻചാണ്ടിയുടെ മകൻ കൂട്ടിച്ചേർത്തു,
അതേസമയം, ഉമ്മൻ ചാണ്ടിയെ ഞായറാഴ്ച്ച ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും. നിലവിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് ന്യുമോണിയ ഭേദമായതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
നേരത്തെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള തുടർചികിത്സയ്ക്കായി മറ്റേതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തടസ്സമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്നതിനുവേണ്ട എല്ലാ സൗകര്യവും എഐസിസി ഒരുക്കുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചത്. ഉമ്മൻ ചാണ്ടിയെ അദ്ദേഹം സന്ദർശിക്കുകയും ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.

