ബംഗളൂരു: കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസിൽ സിബിഐ അന്വേഷണ നടപടികൾക്ക് സ്റ്റേ. കർണാടക ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനാണ് കോടതി സ്റ്റേ വിധിച്ചത്.
ഡികെ ശിവകുമാറിനെതിരെയുള്ള കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയ്ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണപുരോഗതി റിപ്പോർട്ട് ഫെബ്രുവരി 22 ന് മുൻപ് നൽകണമെന്നാണ് നിർദ്ദേശം. എൻഫോഴ്സ്മെന്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഡികെ ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ശിവകുമാറിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജൻസികൾ മന:പൂർവ്വം വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ഇഡി സമൻസിനെതിരെ ശിവകുമാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. സിബിഐ കേസിനെതിരെ ശിവകുമാർ നേരത്തെ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

