മലയാളം സര്‍വകലാശാല വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

മലയാളം സര്‍വകലാശാലയില്‍ വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാല നിയമങ്ങള്‍ അനുസരിച്ചു സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാന്‍സലറായ ഗവര്‍ണര്‍ക്കാണെന്നുള്ള ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നടപടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

യു.ജി.സി. ചെയര്‍മാന്റെ പ്രതിനിധി, ചാന്‍സലറുടെ പ്രതിനിധി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്റെ പ്രതിനിധി, സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്നിങ്ങനെ 5 പേരെ ഉള്‍പ്പെടുത്തിയാണ് സെര്‍ച്ച്-കം-സെലക്ഷന്‍ കമ്മിറ്റി രൂപീകരിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്.

അതേസമയം, ഇതേ വിഷയത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് സര്‍ക്കാരിന്റെ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഗവര്‍ണര്‍ നല്‍കിയ കത്ത് സര്‍ക്കാര്‍ തള്ളുകയായിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായ ഡോ. വി. അനില്‍ കുമാറിന്റെ കാലാവധി ഈ മാസം 28നാണ് അവസാനിക്കുന്നത്.