രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നു; റിസോർട്ട് വിവാദത്തിൽ വിശദീകരണവുമായി ഇ പി ജയരാജൻ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന റിസോർട്ട് വിവാദം സിപിഎം സംസ്ഥാന സമിതിയിൽ വിശദീകരിച്ച് ഇ പി ജയരാജൻ. തന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം സംസ്ഥാന സമിതിയെ അറിയിച്ചു. കണ്ണൂരിൽ ആയുർവേദ റിസോർട്ടുമായി ഇ പിക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി വേണമെന്നും നേരത്തെ പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണത്തിലാണ് ഇപി ജയരാജൻ വിശദീകരണം നൽകിയത്.

തന്നെ മനപൂർവ്വം വേട്ടയാടുകയാണ്. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. തനിക്ക് നേരെയുള്ള വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതുപ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മുതിർന്ന നേതാക്കളായ ഇ പി ജയരാജനും പി ജയരാജനുമെതിരായ ആരോപണങ്ങളിൽ സിപിഎം സമിതി അന്വേഷണം നടത്തും. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളായിരിക്കും സമിതിയിൽ ഉൾപ്പെടുക. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

എന്നാൽ, ഇ പിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചില്ലെന്നാണ് പി ജയരാജൻ പറയുന്നത്. മറ്റൊരാൾ എഴുതിത്തന്നത് പാർട്ടിയെ അറിയിക്കുകയാണ് ചെയ്തതെന്നും വിവാദം അനാവശ്യമായി വഷളാക്കിയെന്നും പി ജയരാജൻ വ്യക്തമാക്കി.