തുർക്കി ഭൂചലനം; 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു, ഒരാളെ കാണാതായി

ന്യൂഡൽഹി: തുർക്കി ഭൂചലനത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. തുർക്കിയിൽ ബിസിനസ് സന്ദർശനത്തിനെത്തിയ ഇന്ത്യക്കാരനെയാണ് കാണാതായതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 3,000 ഇന്ത്യക്കാരാമ് തുർക്കിയിൽ ആകെയുള്ളതെന്നും മന്ത്രാലയം അറിയിച്ചു.

കാണാതായ ഇന്ത്യൻ പൗരന്റെ കുടുംബവുമായും ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. തുർക്കിയിലെ അദാനയിൽ കൺട്രോൾ റൂം സ്ഥാപിച്ചുവെന്നും മന്ത്രാലയം വിശദീകരിച്ചു.

അതേസമയം, ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ ഇന്ത്യ സിറിയയിലേക്ക് മരുന്നുകളും തുർക്കിയിലേക്ക് രക്ഷാപ്രവർത്തകരെയും അയക്കുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു. 12,000 ത്തോളം ആളുകളാണ് തുർക്കിയിലെ ഭൂചലനത്തിൽ മരണപ്പെട്ടത്. ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തുർക്കിയ്ക്കും സിറിയയ്ക്കും എല്ലാ പിന്തുണയും സഹായവും നൽകുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ പ്രത്യേക സംഘത്തെയും അയച്ചിട്ടുണ്ട്. ഇതിന് പുറമെ മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയും നൽകുന്നുണ്ട്.