ന്യുഡൽഹി: ശബരിമല വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വന്യമൃഗ സംരക്ഷണം മാത്രം കണക്കിലെടുത്താൽ പോരെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമല മാസ്റ്റർ പ്ലാനിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്.
അതേസമയം, മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അമിക്കസ്‌ക്യൂറി കെ പരമേശ്വർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതിയും, ജില്ലാ ജഡ്ജിയും ഉണ്ടെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഈ മൂന്ന് സംവിധാനങ്ങളും ഉളള സാഹചര്യത്തിൽ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും അമിക്കസ്‌ക്യൂറി പറഞ്ഞു. എന്നാൽ, ശബരിമലയിൽ വനം, പരിസ്ഥിതി ചട്ടങ്ങൾ മറികടന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് കേരള ഹൈക്കോടതി അനുമതി നൽകുന്നതായാണ് ഉന്നതാധികാര സമിതി സെക്രട്ടറി കെ അമർനാഥ് ഷെട്ടി സുപ്രീം കോടതിയിൽ പറഞ്ഞത്.
ചട്ടങ്ങൾ മറികടന്നാണ് ഹൈക്കോടതി ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയുടെ വിധികളിൽ തെറ്റുണ്ടെങ്കിൽ അവ ചൂണ്ടിക്കാട്ടിയാൽ തിരുത്താമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

