വാലന്റെയ്ൻസ് ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കണം; നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വാലന്റെയ്ൻസ് ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം മുന്നോട്ടുവെച്ചത്. ഫെബ്രുവരി 14നാണ് വാലന്റെയ്ൻസ് ഡേ. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. ഇന്ത്യൻ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് ഉത്തരവിൽ പറയുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്നും സർക്കുലർ പറയുന്നു.