ന്യൂഡല്‍ഹി: ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും, അതിനാല്‍ അമേരിക്കന്‍ ഭരണഘടനയും, വിധികളും അടിസ്ഥാനമാക്കി മൗലിക അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീംകോടതി ഉത്തരവിറക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ഭരണഘടന ബെഞ്ച് പുറപ്പടുവിച്ചിട്ടുള്ള വിവിധ വിധികളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
നിരോധിത സംഘടനകളിലെ സജീവ പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രമേ പ്രോസിക്യുഷന്‍ നടപടികള്‍ പാടുള്ളൂവെന്നും, അംഗത്വം ഉണ്ടെന്ന കാരണത്താല്‍ കേസ് എടുക്കാന്‍ കഴില്ലെന്നും ഭീകര വിരുദ്ധ നിയമമായ ടാഡയിലെ വ്യവസ്ഥ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 2011-ല്‍ വിധി പ്രസ്താവിച്ചിരുന്നു. അമേരിക്കയിലെ വിവിധ കോടതി വിധികള്‍ ഉദ്ദരിച്ച് കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. അമേരിക്കന്‍ ഭരണഘടനയുടെ അവകാശ പത്രികയുമായുള്ള ഇന്ത്യന്‍ ഭരണഘടനയുടെ സാമ്യത ചൂണ്ടിക്കാട്ടിയായിരുന്നു വിധി. എന്നാല്‍, ഈ ഉത്തരവിനു മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേട്ടിരുന്നില്ലെന്നും ടാഡ നിയമത്തിലെ വകുപ്പും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ലഷ്‌കര്‍ ഇ തോയിബ നിരോധിത സംഘടന ആണെങ്കില്‍ അതിന്റെ അംഗമായി തുടരാന്‍ ആര്‍ക്കും അവകാശമില്ല. സംഘടിക്കാനുള്ള അവകാശം അനിയന്ത്രിതമായ അവകാശമല്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയും, ഐക്യവും തകര്‍ക്കുന്ന വിഷയമാണെങ്കില്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ആകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, നിയമം ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അതിലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്ത നടപടി ശരിയായില്ലെന്ന് പുനഃപരിശോധന ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്മാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു.

