സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: നടന്‍ ഉണ്ണിമുകുന്ദന് തിരിച്ചടി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിന്റെ വിചാരണ തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ഇരയുടെ പേരില്‍ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാല്‍, ഒത്തുതീര്‍പ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്നും അഭിഭാഷകന്‍ മറുപടി പറയണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതി കോഴ കേസില്‍ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. എന്നാല്‍, ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഉണ്ണി മുകുന്ദന് നിര്‍ദ്ദേശം നല്‍കി. കൊച്ചിയിലെ ഫ്‌ലാറ്റില്‍ തിരക്കഥ സംസാരിക്കാന്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്.