സംസ്ഥാനത്ത് വിനോദ സഞ്ചാരികൾ സുരക്ഷിതർ; 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചുവെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചുവെന്നും ഇത് സർവ്വകാല റെക്കോർഡ് ആണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന് ആരെയും സ്വീകരിക്കാനുള്ള മതനിരപേക്ഷ മനസുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ വിനോദ സഞ്ചാരികൾ സുരക്ഷിതരല്ലെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ക്രമസമാധാന പാലനത്തിലെ ഭദ്രത ഉറപ്പാക്കാൻ കഴിയുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കിൽ പരിശോധിക്കും. സംസ്ഥാനത്തെ ടൂറിസം മേഖല കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉണർന്നു. സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകൾ സർവ്വകാല റെക്കോർഡ് കൈവരിച്ചുവെന്നും ഈ വർഷം കൂടുതൽ ആഭ്യന്തരസഞ്ചരികളെ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ടൂറിസം മേഖലയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ടൂറിസം ഇടനാഴി പദ്ധതിയിലൂടെ വിനോദ സഞ്ചാര മേഖലയിൽ വികസനങ്ങൾ കൊണ്ട് വരാനാണ് ലക്ഷ്യം. ടൂറിസം മേഖലയിൽ ഡിസൈൻ നയം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.