പത്താനാപുരം മണ്ഡലത്തിന് സർക്കാർ പണം നൽകിയിട്ടുണ്ട്, അതിന്റെ കണക്കുമുണ്ട്; ഗണേഷ് കുമാറിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗണേഷ് കുമാർ എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്താനാപുരം മണ്ഡലത്തിന് സർക്കാർ പണം നൽകിയിട്ടുണ്ടെന്നും അതിന്റെ കണക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനാപുരം മണ്ഡലത്തിൽ വികസനമെത്തുന്നില്ലെന്ന ഗണേശ് കുമാർ എംഎൽഎയുടെ ആക്ഷേപത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, യോഗത്തിൽ ഗണേശ് കുമാർ പങ്കെടുത്തിരുന്നില്ല.

വാർത്ത സൃഷ്ടിക്കുന്ന രീതിയിലല്ല കാര്യങ്ങൾ പറയേണ്ടത്. മുന്നണിക്കകത്ത് പ്രശ്‌നങ്ങളുണ്ടാകും. അത് ഉന്നയിക്കേണ്ട രീതിയുണ്ട്. അത് പാലിക്കണം. സർക്കാർ പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. സർക്കാർ പത്താനപുരം മണ്ഡലത്തിൽ അനുവദിച്ച പദ്ധതികളുടെ പട്ടികയും യോഗത്തിൽ മുഖ്യമന്ത്രി വായിച്ചു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എൽഡിഎഫ് നിയമസഭകക്ഷി യോഗത്തിലാണ് മന്ത്രിമാർക്കും സർക്കാരിനും എതിരെ ഗണേശ് കുമാർ വിമർശനം ഉന്നയിച്ചത്. എൽഡിഎഫിൽ ചർച്ചകൾ ഉണ്ടാകുന്നില്ലെന്നാണ് ഗണേഷ് കുമാറിന്റെ വിമർശനം. പല വിഷയങ്ങളിലും ചർച്ചയുണ്ടാകുന്നില്ലെന്നും വികസന രേഖ അംഗീകരിക്കുന്നതിലും ചർച്ച നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഭിപ്രായങ്ങൾ രണ്ടുമാസം മുൻപ് എഴുതി വാങ്ങുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ മേഖലയിലും സംസ്ഥാന സർക്കാർ ചെലവ് കുറയ്ക്കണം. റോഡ് നിർമ്മാണത്തിലുൾപ്പെടെ കാലതാമസമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലും സർക്കാരിനെതിരെ ഗണേഷ് കുമാർ നേരത്തെ ഗുരുതര വിമർശനം നടത്തയിരുന്നു. സർക്കാർ പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നതെന്നും എംഎൽഎമാർക്ക് നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണെന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ല. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്നും അദ്ദേഹം വിമർശിച്ചു.