ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണ കേന്ദ്രം പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

ബംഗളൂരു: കര്‍ണാടകയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണ യൂണിറ്റ് നാളെ പ്രധാനമന്ത്രി നരേന്ദ്രേമോദി രാജ്യത്തിന് സമര്‍പ്പിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണ യൂണിറ്റാണ് ഇത്.

രാജ്യത്തിന്റെ എല്ലാ ഹെലികോപ്റ്റര്‍ ആവശ്യങ്ങള്‍ക്കും ഒറ്റത്തവണ പരിഹാരമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടകയിലെ ഫാക്ടറി ആസൂത്രണം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാവും (എല്‍ യു എച്ച്) 615 ഏക്കറില്‍ പരന്നുകിടക്കുന്ന ഫാക്ടറിയില്‍ നിര്‍മ്മിക്കുക. തുടര്‍ന്ന് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളും (എല്‍ സി എച്ച്) പിന്നീട് ഇന്ത്യന്‍ മള്‍ട്ടിറോള്‍ ഹെലികോപ്റ്ററുകളും (ഐ എം ആര്‍ എച്ച്) നിര്‍മ്മിക്കും. എല്‍ സി എച്ച്,ഐ എം ആര്‍ എച്ച് എന്നിവയുടെ നിര്‍മ്മാണത്തിനായി ഫാക്ടറി വിപുലീകരിക്കുകയും ചെയ്യും. 3-15 ടണ്‍ പരിധിയില്‍ ആയിരത്തിലധികം ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ എച്ച്എഎല്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ എല്‍ യു എച്ച്,എല്‍ സി എച്ച് കോപ്ടറുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യവും ഫാക്ടറിയിലുണ്ടാവും.

ഇതിലൂടെ പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രാദേശിക വികസനത്തിന് വഴിവെക്കുകയും ചെയ്യും. തുടക്കത്തില്‍ ഫാക്ടറി ഓരോ വര്‍ഷവും ഏകദേശം 30 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കും ഘട്ടം ഘട്ടമായി എണ്ണം 60 ആയും പിന്നീട് 90 ആയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരതയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.