ന്യൂമോണിയ; ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ചാണ്ടി ഉമ്മൻ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയുടെ വിവരങ്ങൾ അന്വേഷിക്കാനായി ചൊവ്വാഴ്ച്ച ആശുപത്രിയിലേക്ക് ആരോഗ്യ മന്ത്രിയെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. നിംസിലെ ന്യൂമോണിയക്കുള്ള ചികിത്സക്ക് ശേഷം തുടർ ചികിത്സക്കായി അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകുമെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി ഉമ്മൻചാണ്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.

തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് തനിക്ക് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം വാർത്തകൾക്ക് മറുപടി നൽകിയത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.