മഹാഖേല്‍ കായിക മേളയില്‍ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ഡല്‍ഹി: മഹാഖേല്‍ കായിക മേളയില്‍ പങ്കെടുത്തവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കായിക മേളയില്‍ പെണ്‍മക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം നല്ല സന്ദേശം നല്‍കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കായികരംഗത്തേക്ക് യുവാക്കള്‍ മുന്നിട്ടിറങ്ങുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജസ്ഥാന്റെ കായിക പ്രതിഭകളുടെ ആഘോഷമാണ് ജയ്പൂര്‍ മഹാഖേല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 12-ന് ദേശീയ യുവജനദിനത്തിനോട് അനുബന്ധിച്ചാണ് കായിക മേളയ്ക്ക് ജയ്പൂരില്‍ തുടക്കമായത്. സംസ്ഥാനത്തെ ആറായിരത്തിലധികം കായികതാരങ്ങളാണ് മഹാഖേലില്‍ പങ്കെടുത്തത്.

ജയ്പൂര്‍ ലോക്‌സഭ എംപി രാജ്യവര്‍ദ്ധന്‍ സിംഗിന്റെ നേതൃത്വത്തിലാണ് കായിക മേള സംഘടിപ്പിച്ചത്. യുവാക്കളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുകയും തൊഴിലായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയുമാണ് മഹാഖേല്‍ വഴി ലക്ഷ്യം വെയ്ക്കുന്നത്. യുവാക്കളുടെ കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ‘ജയ്പൂര്‍ മഹാഖേല്‍’ നടത്തുന്നത്. കബഡി കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ കായിക മേള നടന്നത്