ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ വ്യാപക ആക്രമണം. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ ധന്തല, പരിയ, ചാരുൾ എന്നിവിടങ്ങളിലെ 14 ഹിന്ദു ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഒറ്റരാത്രികൊണ്ടാണ് അക്രമികൾ ഈ ക്ഷേത്രങ്ങൾ തകർത്തത്.
ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ പലതും അക്രമികൾ നശിപ്പിക്കുകയും ചെയ്തു. നശിപ്പിക്കപ്പെട്ട വിഗ്രഹങ്ങളിൽ ചിലത് ക്ഷേത്രങ്ങൾക്ക് സമീപത്തെ കുളങ്ങളിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ പ്രതികരണവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും എതിരായ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമമെന്ന് പോലീസ് അറിയിച്ചു. അക്രമികളെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും അവർക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്നും പോലീസ് വ്യക്തമാക്കി.
രാത്രിയുടെ മറപറ്റിയെത്തിയവരാണ് അക്രമം നടത്തിയത്. നേരത്തെയും ബംഗ്ലാദേശിലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടന്നിരുന്നു. 2021ൽ ദുർഗാപൂജയോടനുബന്ധിച്ച് ബംഗ്ലാദേശിലെ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപകമായ ആകമണം ഉണ്ടായിട്ടുണ്ട്. യുവാവ് മതനിന്ദനടത്തിയെന്നാരോപിച്ചുള്ള വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു അന്ന് ആക്രമണം നടന്നത്.

