ജി 20 യുടെ ആദ്യ ടൂറിസം മന്ത്രിതല യോഗം നാളെ നടക്കും; ഗ്രാമീണ – പുരാവസ്തു വിനോദ സഞ്ചാരത്തെ ഉയർത്തിക്കാട്ടാൻ ഇന്ത്യ

അഹമ്മദാബാദ്: ജി 20 യുടെ ആദ്യ ടൂറിസം മന്ത്രിതല യോഗം നാളെ നടക്കും. ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ ആണ് യോഗം നടക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് യോഗം ചേരുന്നത്. ഈ വർഷത്തെ ജി 20 ടൂറിസം മന്ത്രി തലയോഗത്തിൽ ഇന്ത്യൻ ഗ്രാമീണ വിനോദ സഞ്ചാരത്തിനും പുരാവസ്തു വിനോദ സഞ്ചാരത്തിനും പ്രധാന്യം നൽകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

ഗ്രാമീണ, പുരാവസ്തു ടൂറിസത്തിന്റെ വിജയഗാഥകളായി മധ്യപ്രദേശിലെ ലാഡ്പുര ഖാസ് ഗ്രാമം, നാഗാലാൻഡിലെ ഖോനോമ ഗ്രാമം, ധോലവീര തുടങ്ങിയ പൈതൃക കേന്ദ്രങ്ങൾ യോഗത്തിൽ ഇന്ത്യ പ്രദർശിപ്പിക്കും. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും വിജയകരവും നൂതനവുമായ സംരംഭങ്ങൾ ഇന്ത്യ ഉയർത്തിക്കാട്ടുമെന്നാണ് ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് അറിയിച്ചത്. മധ്യപ്രദേശിലെ ലാഡ്പുര ഖാസ് ഗ്രാമം നേരത്തെ യുഎൻഡബ്ല്യുടിഒയുടെ ഏറ്റവും മികച്ച ഗ്രാമീണ ടൂറിസം വില്ലേജായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലാഡ്പുര ഖാസ് ഗ്രാമത്തിൽ സംസ്ഥാന സർക്കാർ ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിൽ ഹോംസ്റ്റേകളും നിർമ്മിച്ചിട്ടുണ്ട്. ഓയോ ഹോട്ടലുകളും ട്രൈബൽ ഹോംസ്റ്റേകളും വികസിപ്പിച്ച പൂഞ്ച് പോലെയുള്ള ജമ്മു കശ്മീരിലെ കെവാദിയ, ഗുജറാത്തിലെ ചില ഗ്രാമങ്ങൾ തുടങ്ങിയവയും യോഗത്തിൽ ഉയർത്തിക്കാട്ടുമെന്നാണ് റിപ്പോർട്ടുകൾ.

ഗ്രാമീണ ഹോംസ്റ്റേകളും കമ്മ്യൂണിറ്റി സ്പെയ്സുകളും ഉൾപ്പെടുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ആസ്ട്രോടൂറിസത്തിന്റെ നൂതന മാതൃകയും ഇന്ത്യ അവതരിപ്പിക്കും, ഗ്രാമീണരാണ് ഇവ പൂർണമായും നടത്തുന്നത്. നാഗാലാൻഡിലെ ഖോനോമ വില്ലേജിൽ ഇക്കോടൂറിസത്തിന്റെ മാതൃകയും ജി 20 നേതാക്കളെ പരിചയപ്പെടുത്തും. ഗ്രാമീണ ടൂറിസത്തെ കമ്മ്യൂണിറ്റി ശാക്തീകരണത്തിന്റെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെയും മാർഗമായി അവതരിപ്പിക്കുക എന്നതാണ് ആശയം. അതേസമയം, ഇന്ത്യൻ പൈതൃകവും സംസ്‌കാരവും പ്രദർശിപ്പിക്കുന്നതിനായി വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്ട് പദ്ധതി പ്രകാരം നിർമ്മിച്ച ഉപഹാരങ്ങൾ അതിഥികൾക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.