എന്താണ് അനീമിയ: രോഗലക്ഷണങ്ങളും അപകട സാധ്യതകളും

കൗമാരക്കാരായ പെൺകുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അനീമിയ അഥവാ വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽ കുറയുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്‌സിജനെ എത്തിക്കുന്നത് ഹീമോഗ്ലോബിന്റെ സഹായത്തോടെയാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ രക്തത്തിന് ഓക്‌സിജനെ വഹിക്കുവാനുള്ള കഴിവ് കുറയുന്നു.

രോഗ ലക്ഷണങ്ങൾ

വിളറിയ ചർമ്മം, കൺപോളകൾ, ചുണ്ട്, മോണ, നഖങ്ങൾ, കൈകൾ എന്നിവ, ലഘുവോ കഠിനമോ ആയ ക്ഷീണം, ഉത്സാഹമില്ലായ്മ, തലവേദന, തലകറക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

അപകട സാധ്യതകൾ

ഗർഭിണികളിൽ പ്രസവ സമയത്ത് അമിതരക്തസ്രാവം, കുഞ്ഞുങ്ങളിൽ തൂക്കക്കുറവ്, പ്രസവ സമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണി എന്നിവ അനീമിയ കൊണ്ടുണ്ടാക്കാം. മുതിർന്നവരിൽ ക്രമം തെറ്റിയ ആർത്തവം, ക്ഷീണം, കിതപ്പ്, ജോലി ചെയ്യുവാൻ ബുദ്ധിമുട്ട് എന്നിവയും കൗമാരപ്രായക്കാരിൽ ക്ഷീണം, തളർച്ച, തലവേദന, ക്രമം തെറ്റിയ ആർത്തവം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതാവുക, പഠന – പഠനേതര പ്രവർത്തനങ്ങളിൽ പിന്നാക്കം പോവുക എന്നിവയുണ്ടാക്കാം. കുട്ടികളിൽ വളർച്ച, മുരടിപ്പ്, കായികശേഷി കുറവ്, ക്ഷീണം, രോഗപ്രതിരോധ ശേഷി കുറഞ്ഞ് ഇടവിട്ട് രോഗബാധയുണ്ടാകുക എന്നിവയും ഉണ്ടാക്കാം. ഇവ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഇത്തരം സങ്കീർണതകളിൽ നിന്നും മോചനം നേടാവുന്നതാണ്.