‘ഓറസ്’: ഗോവ ബീച്ചുകളിലെ സുരക്ഷയ്ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ട്

ഗോവയുടെ തീരപ്രദേശത്ത് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഗോവ ബീച്ചുകളിലെ സുരക്ഷയ്ക്കായി നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത റോബോട്ടായ ഓറസ് ഉപയോഗിക്കുന്നുണ്ടെന്ന് ലൈഫ് ഗാര്‍ഡ് സേവന ഏജന്‍സി. കൂടാതെ എഐ കേന്ദ്രീകൃത മോണിറ്ററിങ് സിസ്റ്റമായ ട്രൈറ്റണിന്റെ സേവനവും ഉപയോഗിക്കുന്നുണ്ടെന്നും ഏജന്‍സി അറിയിച്ചു.

‘തീരദേശ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്. ഇതിന് ഏജന്‍സിയുടെ ജീവന്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായം ആവശ്യമാണ്. ഓറസ് ഒരു സെല്‍ഫ് ഡ്രൈവിങ് റോബോട്ടാണ്. പ്രദേശത്ത് പട്രോളിങ് നടത്തി, ഉയര്‍ന്ന വേലിയേറ്റ സമയത്ത് വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി, ജീവന്‍ രക്ഷിക്കുന്നവരെ സഹായിക്കാന്‍ വികസിപ്പിച്ചെടുത്ത റോബാട്ടാണിത്. പുതിയ എഐ സംവിധനങ്ങള്‍ ബീച്ചുകളില്‍ കൂടുതല്‍ നിരീക്ഷണത്തിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും’- അദ്ദേഹം പറഞ്ഞു.

അതേസമയം, നിലവില്‍ വടക്കന്‍ ഗോവയിലെ മിരാമര്‍ ബീച്ചിലാണ് ഔറസ് വിന്യസിച്ചിരിക്കുന്നത്. ട്രൈറ്റണ്‍ തെക്കന്‍ ഗോവയിലെ ബെയ്ന, വെല്‍സാവോ, ബെനൗലിം, ഗാല്‍ഗിബാഗ്, നോര്‍ത്ത് ഗോവയിലെ മോര്‍ജിം എന്നിവിടങ്ങളിലാണ് വിന്യസിച്ചിരിക്കുന്നതെന്ന് ഏജന്‍സിയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ വര്‍ഷം ഗോവയിലെ ബീച്ചുകളില്‍ 100 ട്രൈറ്റണ്‍ യൂണിറ്റുകളും 10 ഓറസ് യൂണിറ്റുകളും വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.