ഇന്ത്യന്‍ സായുധ സേനയെ അട്ടിമറിക്കാന്‍ പാകിസ്താന്‍ എംബസികളോട് ആവശ്യപ്പെട്ടു; റിപ്പോര്‍ട്ട്‌

ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ കശ്മീര്‍ താഴ്വരയില്‍ ഗൂഢാലോചന നടത്താന്‍ പാകിസ്താന്‍ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്.

കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സായുധ സേനയെ അട്ടിമറിക്കാനുള്ള പദ്ധതി വിശദീകരിക്കുന്ന ഫാക്‌സുകളും ഇമെയിലുകളും ഇസ്ലാമാബാദിലെ പാക്ക് ഹൈക്കമ്മീഷന്‍ എല്ലാ എംബസികള്‍ക്കും അയച്ചിട്ടുണ്ടെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ആറ് ഭീകരരെ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും ഇവരുടെ പക്കല്‍ നിന്ന് വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഭീകരര്‍ നിരോധിത സംഘടനയായ ജെയ്ഷെഎമ്മുമായി ബന്ധമുള്ളവരാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഭീകരവാദികളുമായി ബന്ധപ്പെട്ടിരുന്നതായും ജമ്മു കശ്മീര്‍ പൊലീസ് ചൂണ്ടിക്കാട്ടി.