മനാമ: വരാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പാക്കിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചാല്‍ അങ്ങോട്ടില്ലെന്ന് ബിസിസിഐ. ഇന്നലെ ബഹ്‌റൈനില്‍ ചേര്‍ന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനത്തില്‍ ഉറച്ചുനിന്നതായാണ് റിപ്പോര്‍ട്ട് .
ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് പൂര്‍ണമായോ അല്ലെങ്കില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണയിലുണ്ട്. ഏഷ്യാ കപ്പ് യുഎഇയില്‍ നടക്കാനും സാധ്യതയുണ്ട്.
പുതിയ വേദി മാര്‍ച്ചില്‍ പ്രഖ്യാപിച്ചേക്കും. 2008ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പരമ്ബര കളിക്കാനായി പോയിട്ടില്ല. ഏഷ്യാ കപ്പ് നഷ്ട്ടമായാല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്ന ഭീഷണി പാക്കിസ്ഥാനും ഉയര്‍ത്തിയിട്ടുണ്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി നജാം സേഥിയും എസിസി പ്രസിഡന്റ് കൂടിയായ ജയ് ഷായും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

