ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ശശി തരൂരിന്റെ മുഷ്റഫ് പരാമർശത്തിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
നിരവധി ജീവനുകൾ പൊലിയുന്നതിന് കാരണക്കാരനായിട്ടും മുഷറഫിനെ പോലുള്ളവർക്ക് ഇന്ത്യയിൽ കടുത്ത ആരാധകർ ഉണ്ടാകും എന്നാണ് രാജീവ് ചന്ദ്രശേകർ വ്യക്തമാക്കിയത്. തരൂരിന്റെ ട്വീറ്റ് പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമാധാനത്തിനുള്ള ശക്തി ആവാനും തന്ത്രപരമായ ചിന്ത വികസിപ്പിക്കാനും സ്വേച്ഛാധിപതിമാരായ പാക് ജനറൽമാർക്ക് സൈനിക അടിച്ചമർത്തൽ മാത്രമാണ് വഴിയെന്നും ഒരുപാട് ജീവനുകൾ പൊലിയുകയും പരക്കെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തെങ്കിലും ഇന്ത്യയിൽ ഇവർക്ക് കടുത്ത ആരാധകർ ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ശശി തരൂർ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചിരുന്നു. മുൻ പാകിസ്താൻ പ്രസിഡന്റായ പർവേസ് മുഷറഫ് അപൂർവ രോഗത്താൽ മരിച്ചുവെന്ന് പറഞ്ഞാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്. ഒരിക്കൽ ഇന്ത്യയുടെ അചഞ്ചലമായ ശത്രുവായിരുന്ന അദ്ദേഹം 2002-2007 സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു. തന്ത്രപരമായ ചിന്തയുള്ള നേതാവായിരുന്നു മുഷറഫെന്നും മിടുക്കുള്ള നേതാവായിരുന്നെന്നും തരൂർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

