സാമ്പത്തിക പ്രതിസന്ധി: പാകിസ്ഥാനില്‍ ജനം തെരുവിലേക്ക്

ലാഹോര്‍: സാമ്പത്തിക പ്രതിസന്ധി മൂലം മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കയാണ് നിലവില്‍ പാകിസ്ഥാന്‍. ആഗോള ഭിക്ഷക്കാര്‍ ആയിരിക്കയാണ് ഇപ്പോള്‍ പാക് ജനത. പ്രതിസന്ധി രൂക്ഷമായതോടെ ആട്ടക്കും ഗോതമ്ബിനും വരെ കരിഞ്ചന്തയായിരിക്കയാണ്. ശ്രീലങ്കക്ക് സമാനമായി ജനം കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് പാക്കിസ്ഥാനിലുള്ളത്. ട്രഷറിയില്‍ ഇനി അവശേഷിക്കുന്നത് 375 കോടി രൂപമാത്രം. കഷ്ടിച്ച് രണ്ടാഴ്ചത്തെ ഇറക്കുമതിക്കുള്ള പണം മാത്രമാണ് രാജ്യത്തുള്ളത്. ഇറക്കുമതി ചെയ്യാന്‍ പണമില്ലാത്തതുകൊണ്ട് ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും നിറച്ച 8500 കണ്ടെയ്‌നറുകളാണ് കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നത്.

പാകിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ പലയിടത്തും ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപയാണ് വില. ഗോതമ്ബ് കിലോയ്ക്ക് 200 രൂപ. സവാള വില 500 ശതമാനം വര്‍ധിച്ച് 220 രൂപയിലെത്തി. ഇന്ധനത്തിന് തീവിലയായി. ഒരു ലീറ്റര്‍ ഡീസലിന് 262 രൂപ. പെട്രോള്‍ 249 രൂപ. കെറോസീന്‍ ഓയില്‍ 189 രൂപ. ഒരു ഡോളര്‍ കിട്ടാന്‍ 260 പാക്കിസ്ഥാനി രൂപ നല്‍കണം. ചെലവ് നിയന്ത്രിക്കാനും ഊര്‍ജവും ഇന്ധനവും ലാഭിക്കാനും ഹോട്ടലുകളും റസ്റ്ററന്റുകളും രാത്രി 8.30 ക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ടെക്‌സ്‌റ്റൈല്‍ വ്യവസായം ഉള്‍പ്പെടെ അടച്ചു പൂട്ടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചു.
ജനസാന്ദ്രതയേറിയ കറാച്ചി, ഇസ്ലാമാബാദ്, പെഷവാര്‍, ലാഹോര്‍ തുടങ്ങിയ നഗരങ്ങളിലൊക്കെ ജനജീവിതം സ്തംഭിച്ചതോടെ ജനം തെരുവിലറങ്ങി. തീറ്റകൊടുക്കാന്‍ വകയില്ലാത്തത്തിനാല്‍ മൃഗശാലകളിലെ സിംഹങ്ങളെപ്പോലും ഇപ്പോള്‍ വിറ്റുകഴിഞ്ഞു. മൃഗങ്ങളെ തുറന്ന് വിടുകയാണ്.

അതേസമയം, ചെലവ് കുറയ്ക്കലിന്റെ ഭാരം മുഴുവന്‍ സാധാരണക്കാരന്റെ ചുമലില്‍ വച്ച് സമ്ബന്നരായ വിഭാഗം സുഖമായി ജീവിക്കുകയാണിവിടെ. ടാക്‌സ് പരിധി വര്‍ധിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് തടസം ഇവരില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ്. ഒരു ശതമാനം പാക്കിസ്ഥാനികള്‍ മാത്രമാണ് ടാക്‌സ് നല്‍കുന്നത്. പ്രതിസന്ധികള്‍ക്കിടയിലാണ് 1739 പേരുടെ ജീവനെടുത്ത പ്രളയം പാകിസ്ഥാനെ മുത്തിയത്. 1490 കോടിയുടെ നാശനഷ്ടം. 80 ലക്ഷം ഏക്കറുകളില്‍ വിളനാശമുണ്ടായി. ദക്ഷിണ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞു. സിന്ധ് പ്രൊവിന്‍സ്, പഞ്ചാബ്, ബലൂചിസ്ഥാന്‍ തുടങ്ങിയ മേഖലകള്‍ വെള്ളക്കെട്ടില്‍ മുങ്ങി. കൃഷി പൂര്‍ണമായി നശിച്ചു. മലിനജലത്തില്‍ കഴിയേണ്ടിവന്നവരില്‍ രോഗബാധ കൂടി. പ്രളയബാധിത മേഖലകളില്‍ മരുന്നില്ല, ഭക്ഷണമില്ല, വീടില്ല. പാചകവാതകത്തിനും ക്ഷാമമേറിയതോടെ കിട്ടാവുന്നത്ര പാചകവാതകം കൂട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ് പാക്കിസ്ഥാന്‍ ജനത. വെള്ളിയാഴ്ച ഇന്റര്‍ ബാങ്ക്, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നിവയില്‍ പാകിസ്ഥാന്‍ രൂപയുടെ മൂല്യം 262.5 ലേക്ക് ഇടിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ കണക്കനുസരിച്ച് വെള്ളിയാഴ്ച ഒറ്റ ദിവസം മാത്രം 7.17 രൂപയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം 10 ശതാമനം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.