കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണറും പ്രധാനമന്ത്രിയുടെ ‘മാന്‍ ഓഫ് ഐഡിയാസ്’ഉം ആയ സി.വി ആനന്ദ ബോസിനെയോ രാജ്ഭവനെയോ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ബിജെപി ബംഗാള്‍ നേതാക്കള്‍ക്ക് കേന്ദ്രനേതൃത്വത്തിന്റെ അന്ത്യശാസനം. സി.വി.ആനന്ദബോസിന്റെ ഡല്‍ഹി സന്ദര്‍ശനത്തിനു പിന്നാലെയാണ് കേ്ര്രദം ബംഗാള്‍ നേതാക്കള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.
ബംഗാള്‍ സര്‍ക്കാരിനെ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് പരിധിവിട്ടു സഹായിക്കുന്നെന്നും ഗവര്‍ണര്‍, മമത ബാനര്‍ജിയുടെ ഫോട്ടോസ്റ്റാറ്റ് യന്ത്രമാണെന്നും ബിജെപി സംസ്ഥാന ഘടകം ആരോപിച്ചിരുന്നു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കി മുഖ്യമന്ത്രിക്കു ചുമതല നല്കിയ ബില്‍ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ബംഗാളിലെ എഴുത്തിനിരുത്തു ചടങ്ങായ ഹാതെ കോരി രാജ്ഭവനില്‍ സംഘടിപ്പിച്ചപ്പോള്‍ ആനന്ദബോസിനെ മമത പുകഴ്ത്തിയത് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ കാരണമായി.
അതേസമയം, പുതിയ ഗവര്‍ണര്‍ തികഞ്ഞ മാന്യനാണെന്നു മമത പരസ്യപ്രസ്താവന നടത്തി. കാളിഘട്ടിലെ മമതയുടെ വീട്ടില്‍ ഗവര്‍ണര്‍ കുടുംബസമേതം സന്ദര്‍ശനം നടത്തിയതോടെ ബംഗാള്‍ ബിജെപി ഇടഞ്ഞു. ഗവര്‍ണറുടെ മാറ്റങ്ങള്‍ക്കൊപ്പം സ്റ്റാഫ് മാറ്റവും പതിവാണെങ്കിലും പ്രാദേശിക ബിജെപി നേതൃത്വത്തിന് ഇതു സ്വീകാര്യമായിരുന്നില്ല. ആനന്ദബോസ് മുഖ്യമന്ത്രിയുമായി അനുരഞ്ജനത്തിനു ശ്രമിച്ചതാണു ബിജെപിയെ ചൊടിപ്പിച്ചത്.

