ടി-20: ന്യൂസിലന്‍ഡിനെ വീഴ്ത്തി പരമ്ബര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ട്വന്റി-20 പരമ്ബരയും സ്വന്തമാക്കി. 168 റണ്‍സിന്റെ റെക്കാഡ് ജയത്തോടെയാണ് ഇന്ത്യ പരമ്ബര ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 234 റണ്‍സാണ്. മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 12.1 ഓവറില്‍ 66 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ്‌ തരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഫോമിലല്ലാത്ത ഇഷാന്‍ കിഷനെ (1) ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായി. ബ്രെയ്‌സ്വെല്‍ ഇഷാനെ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്‌ബോള്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ 7 റണ്‍സെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ രാഹുല്‍ ത്രിപതിക്കൊപ്പം (22 പന്തില്‍ 44 ) ഗില്‍ (പുറത്താകാതെ 63 പന്തില്‍ 126) ഇന്ത്യന്‍ സ്‌കോറുയര്‍ത്തി. 42 പന്തില്‍ അതിവേഗത്തില്‍ 80 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. 9-ാം ഓവറില്‍ ത്രിപതിയെ ലോക്കി ഫെര്‍ഗുസന്റെ കൈയില്‍ എത്തിച്ച് ഇഷ് സോധിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. 4 ഫോറും 3 സിക്‌സും ഉള്‍പ്പെട്ടതാണ് ത്രിപതിയുടെ ഇന്നിംഗ്‌സ്. സൂര്യകുമാര്‍ യാദവും (13 പന്തില്‍ 24) 2 സിക്‌സും 1 ഫോറും അടിച്ച് നിര്‍ണായക സംഭാവന നല്‍കിയശേഷമാണ് മടങ്ങിയത്.

13-ാം ഓവറില്‍ ടിക്‌നറുടെ പന്തില്‍ ബ്രെയ്സ്വെല്‍ മനോഹരമായ ക്യാച്ചിലൂടെയാണ് സൂര്യയെ പുറത്താക്കിയത്. ഗില്ലിന് കൂട്ടായി ഹാര്‍ദിക് എത്തിയതോടെ ഇന്ത്യന്‍ സ്‌കോറിംഗ് ടോപ് ഗിയറിലാവുകയായിരുന്നു. ഇരുവരും കിവി ബൗളിംഗിനെ തലങ്ങും വിലങ്ങും അടിച്ചു തെറിപ്പിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും വെറും 40 പന്തില്‍ അടിച്ചെടുത്തത് 103റണ്‍സാണ്. ആ കൂട്ടുകെട്ടിനിടെ ഗില്‍ നേടിയത് 23 പന്തില്‍ 71 റണ്‍സാണ്. ഇതിനിടെ ഗില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദികിനെ ഡാരില്‍ മിച്ചല്‍ ബ്രെയ്‌സ്വെല്ലിന്റെ കൈയില്‍ എത്തിക്കുമ്‌ബോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 228ല്‍ എത്തിയിരുന്നു. ദീപക് ഹൂഡ (2) ഗില്ലിനൊപ്പം പുറത്താകാതെ നിന്നു. 7 സിക്‌സും 12 ഫോറും ഗില്ലിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തിയിലേക്ക് പറന്നു.