ബജറ്റ്; ആദായനികുതി വരുമാന പരിധി ഉയർത്തി

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മധ്യവർഗത്തിന് അനുകൂലമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിട്ടുള്ളത്. ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി ഉയർത്തി. ഇനി മുതൽ ഏഴ് ലക്ഷം വരെ നികുതിയില്ല. അതേസമയം പുതിയ നികുതി ഘടനയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതിന്റെ ഗുണമുണ്ടാകുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

പഴയ ഘടനയിൽ ഉൾപ്പെട്ടവർക്ക് വരുമാന പരിധി അഞ്ച് ലക്ഷമായി തുടരും. നികുതി സ്ലാബ് അഞ്ചാക്കി കുറക്കുകയും ചെയ്തു. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. ആറ് മുതൽ 9 വരെ 10 ശതമാനവും 9 മുതൽ 12 വരെ 15 ശതമാനവുമാണ് നികുതി.

12 മുതൽ 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനമാണ് നികുതി ചുമത്തുന്നത്. ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.