മുൻ കേന്ദ്രമന്ത്രിയും മുതിർന്ന സുപ്രീം കോടതി അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന സുപ്രീം കോടതി അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ പിതാവാണ് ശാന്തി ഭൂഷൺ.

ഡൽഹിയിലെ സ്വകാര്യ വസതിയിൽ രാത്രി ഏഴ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലെത്തിയ 1977-79 കാലഘട്ടത്തിലെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമ മന്ത്രിയായിരുന്നു ശാന്തി ഭൂഷൺ. ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ പ്രധാന പങ്കാളിയായിരുന്ന ശാന്തി ഭൂഷൺ പിന്നീട് അരവിന്ദ് കേജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിടുകയായിരുന്നു.

1977 മുതൽ 1980 വരെ രാജ്യസഭാംഗമായിരുന്നു അദ്ദേഹം 1980-ൽ ബിജെപിയിൽ ചേർന്നു. പിന്നീട് 1986-ൽ അദ്ദേഹം ബിജെപിയിൽ നിന്ന് രാജിവെക്കുകയായിരുന്നു.