വിശാഖപട്ടണത്തെ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റില്‍ വിശാഖപട്ടണത്തെ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി. തങ്ങളുടെ പുതിയ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറുടെ ആസ്ഥാനവും വിശാഖപട്ടണത്തേക്ക് മാറ്റും. നിയമസഭയുടെ പ്രവര്‍ത്തനം നിലവിലെ തലസ്ഥാനനഗരമായ അമരാവതിയില്‍ തന്നെയാകും. ഹൈക്കോടതി മറ്റൊരു നഗരമായ കുര്‍ണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2015-ലാണ് ആന്ധ്ര സര്‍ക്കാര്‍ അമരാവതിയെ തലസ്ഥാനനഗരമായി പ്രഖ്യാപിച്ചത്. 2020-ല്‍ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങള്‍ വേണമെന്നും ഇതിനായുള്ള പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍, ഇത് പിന്നീട് ഉപേക്ഷിക്കുകയും അമരാവതി തലസ്ഥാനനഗരമായി തുടരുകയുമായിരുന്നു. ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം ലെജിസ്ലേറ്റീവ് (നിയമനിര്‍മ്മാണ സഭ) തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചപ്പോള്‍ വിശാഖ പട്ടണത്തെ എക്‌സിക്യീട്ടിവ് (ഭരണനിര്‍വഹണം) തലസ്ഥാനമായും കുര്‍ണൂലിനെ ജൂഡീഷ്യല്‍ (നീതിന്യായ) തലസ്ഥാനമായിട്ടുമായിരുന്നു നിശ്ചയിച്ചത്. ഇത് സംബന്ധിച്ച ബില്ലിന് 2020 ജനുവരിയില്‍ മന്ത്രി സഭ അംഗീകാരം നല്‍കുകയും ചെയ്തു. 2014 ല്‍ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോള്‍ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചിരുന്നു.

എന്നാല്‍ അമരാവതിയില്‍ നിന്ന് തലസ്ഥാനം മൂന്നിടങ്ങളിലേക്ക് മാറ്റി സ്ഥാപിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കര്‍ഷകരാണ് സമരവുമായി ആദ്യം രംഗത്തെത്തിയത്. ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്തായിരുന്നു മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയില്‍ തലസ്ഥാനനഗരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. വിഭജനം പ്രഖ്യാപിച്ചതോടെ മറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുന്ന നിലയും ഉണ്ടായി. ഇതോടെ പ്രതിപക്ഷകക്ഷികളും തലസ്ഥാന വിഭജനത്തിനെതിരെ രംഗത്ത് എത്തുകയായിരുന്നു.