ചിന്താ ജെറോമിന്റെ പ്രബന്ധം പരിശോധിക്കാന്‍ നാലംഗ വിദഗ്ധ സമിതി

പരാതി ലഭിച്ച പശ്ചാത്തലത്തില്‍ ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി നാലംഗ വിദഗ്ധ സമിതിയെ നിയമിക്കാനൊരുങ്ങി കേരള സര്‍വകലാശാല. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും.

അതേസമയം, ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വി.സിക്കും നിവേദനം നല്‍കിയിരുന്നു. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണമെന്നും എച്ച്.ആര്‍.ഡി.സി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ചിന്താ ജെറോം പി.എച്ച്.ഡി ബിരുദം നേടുന്നതിന് സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണം. ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുന്‍ പി.വി.സി പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണം. അദ്ദേഹത്തെ നിലവിലെ എച്ച്.ആര്‍.ഡി.സി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നുമാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ന്റെ ആവശ്യം.