ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടി: പരാതി നൽകാൻ സേവ് യൂണിവേഴ്‌സിറ്റി ഫോറം

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്ത്. പ്രബന്ധത്തിൽ കോപ്പിയടിയെന്നാണ് പുതിയ ആരോപണം. പ്രബന്ധത്തിൽ വാഴക്കുല എന്ന കൃതിയുടെ രചയിതാവായി ചങ്ങമ്പുഴയുടെ പേരിനു പകരം വൈലോപ്പിള്ളിയുടെ പേര് തെറ്റായി ചേർത്തത് സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോപ്പിയടി വിവാദവും ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള സർവകലാശാലാ വിസിക്ക് പരാതി നൽകാനാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി തയ്യാറെടുക്കുന്നത്.

2010-ൽ ബോധി കോമൺസ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയം ചിന്താ ജെറോം തന്റെ പ്രബന്ധത്തിൽ അതേപടി ഉപയോഗിച്ചുവെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വ്യക്തമാക്കുന്നത്. ബ്രഹ്മപ്രകാശ് എന്നയാളുടെ പേരിലുള്ള ഈ ലേഖനത്തിലും വാഴക്കുലയുടെ രചയിതാവ് ‘വൈലോപ്പിള്ളി’ എന്ന് തെറ്റായി എഴുതിയിട്ടുണ്ട്. ഈ ഭാഗം അതേപടി ചിന്താ ജെറോം തന്റെ പ്രബന്ധത്തിലും അതുപോലെ കോപ്പിയടിക്കുകയായിരുന്നെന്നും ലേഖനത്തിലുണ്ടായ തെറ്റും അതോടൊപ്പം പ്രബന്ധത്തിലും ആവർത്തിക്കുകയായിരുവെന്നുമാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം പറയുന്നത്.

പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വർഗ തലങ്ങൾ ചർച്ചചെയ്യുന്നതിനിടെയാണ് ബോധി കോമൺസിലെ ലേഖനത്തിലും വാഴക്കുല എന്ന കൃതിയേപ്പറ്റി പറയുന്നത്. ഇതിൽ ‘ആര്യൻ’ എന്ന ചിത്രത്തിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന ഭാഗത്താണ് വാഴക്കുലയുടെ രചയിതാവിനെ ‘വൈലോപ്പള്ളി’ എന്ന് പരാമർശിക്കുന്നത്. ഈ ലേഖനത്തിൽ വൈലോപ്പിള്ളി എന്നതിനു പകരം ‘വൈലോപ്പള്ളി’ എന്ന് തെറ്റായാണ് എഴുതിയിട്ടുള്ളത്. ഇത് അതേപടി കോപ്പിയടിച്ചതുകൊണ്ടാണ് ചിന്തയുടെ പ്രബന്ധത്തിലും ‘വൈലോപ്പള്ളി’ എന്ന അക്ഷരത്തെറ്റുപോലും ആവർത്തിക്കപ്പെട്ടതെന്നും സേവ് യൂണിവേഴ്‌സിറ്റി ഫോറം അറിയിച്ചു.