ഹിന്ദി രാഷ്ട്രവാദികൾ ദയവായി തങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ ശരിയായി പഠിക്കാൻ തയാറാകണം; കേന്ദ്ര സർക്കാർ വെബ്‌സൈറ്റിലെ അക്ഷരത്തെറ്റിനെതിരെ ശശി തരൂർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വെബ്‌സൈറ്റായ mygov.inൽ കേരളത്തിന്റെയും തമിഴ്നാടിന്റേയും പേരുകൾ തെറ്റായി എഴുതിയതിയതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനായി നൽകിയ പട്ടികയിലാണ് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പേരുകൾ തെറ്റിച്ചെഴുതിയത്.

‘mygov.in വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന ഹിന്ദി രാഷ്ട്രവാദികൾ ദയവായി തങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ ശരിയായി പഠിക്കാൻ തയാറായാൽ ദക്ഷിണ ഭാരതവാസികളായ തങ്ങൾ വളരെ നന്ദിയുള്ളവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെബ്‌സൈറ്റിൽ സംസ്ഥാനങ്ങളുടെ പേരുകൾ തെറ്റിച്ചെഴുതിയിരിക്കുന്ന പേജിന്റെ സ്‌ക്രീൻഷോട്ടും പങ്കുവെച്ചാണ് ശശി തരൂരിന്റെ ട്വീറ്റ്.

പട്ടികയിൽ Keralaയ്ക്ക് പകരം Kerela എന്നും Tamil Naduന് പകരം Tamil Naidu എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാര്യം ശശി തരൂർ ട്വിറ്ററിൽ കുറിച്ചതിന് പിന്നാലെ വെബ്‌സൈറ്റിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്.