ഭാരത് ജോഡോ യാത്ര വിജയം; ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണ് ലഭിച്ചതെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് രാജ്യത്തുടനീളം ലഭിച്ചത് മികച്ച പ്രതികരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്ര വിജയമായിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണ് യാത്രയിലൂടെ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്വേഷത്തിനെതിരായ, സ്റ്റേഹത്തിന്റെ രാഷ്ട്രീയമാണ് യാത്രയിലൂടെ ജനങ്ങളോട് പറഞ്ഞതെന്നും ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവൻ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കശ്മീരിലെത്തിയപ്പോൾ ഉണ്ടായത് സ്വന്തം കുടുംബത്തിലേക്ക് വന്ന അനുഭവമാണ്. തന്റെ പൂർവികർ കശ്മീരിൽ നിന്നാണ് അലഹബാദിലേക്ക് കുടിയേറിയത്. ജമ്മു കശ്മീരിലെ ഇന്നത്തെ സ്ഥിതിയിൽ ജനങ്ങൾ തൃപ്തരല്ല. തൊഴില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾ കടുത്ത അതൃപ്തിയിലാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

കശ്മീർ പുന:സംഘടനാ വിഷയത്തിൽ കോൺഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാദ്ധ്യമങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പക്ഷപാതിത്വ നിലപാടാണ് പല മാധ്യമങ്ങളും സ്വീകരിക്കുന്നത്. മാധ്യമങ്ങൾ പ്രതിപക്ഷത്തെ സഹായിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന് ശ്രീനഗറിൽ നടക്കും. സമാപന സമ്മേളനത്തിലേക്ക് 23 പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് അറിയിച്ചു. ഡിഎംകെ, എൻസിപി, ആർജെഡി, ജനതാദൾ (യു), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), കേരള കോൺഗ്രസ് (ജോസഫ്), പിഡിപി, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ്, ജെഎംഎം, വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) തുടങ്ങിയ പാർട്ടികളുൾപ്പെടെ പങ്കെടുക്കും.

അതേസമയം, തൃണമൂൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നിവയുൾപ്പെടെ സമാപന സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കും.