ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണ് കാണുന്നത്; രൂക്ഷ വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: ആരോഗ്യം, ടൂറിസം തുടങ്ങിയ വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണ് കാണുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം എവിടെയും എത്തിയില്ല. ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഓണത്തിനും വിഷുവിനും സാധനം വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ ടൂറിസം പ്രമോഷനെതിരെ അദ്ദേഹം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അഴിമതിയുടെ അയ്യര് കളിയാണ് ജില്ലാ ടൂറിസം പ്രമോഷനിൽ നടക്കുന്നത്. പുതിയ പരിഷ്‌കാരങ്ങൾ വേണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളും ആണ് ഇപ്പോഴും കാണുന്നത്. അതിനൊന്നും പരിഹാരമാകുന്നില്ലെന്നും കനാലുകൾ ആധുനികവൽക്കരിച്ചില്ലെന്നും സുധാകരൻ വ്യക്തമാക്കി.

ആലപ്പുഴ ജില്ലയിൽ ലഹരി മരുന്നുപയോഗം വർദ്ധിക്കുകയാണ്. ചെറുപ്പക്കാരെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.