കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ മോചനം ജയിൽ അധികൃതർ വൈകിപ്പിച്ചെന്ന് ആരോപിച്ചാണ് മന്ത്രി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തിയത്. കോടതി ഉത്തരവ് ലഭിച്ചിട്ടും ഫൈസലിന്റെ മോചനം ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നും ആരെയോ പ്രീതിപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈകിട്ട് ഉത്തരവ് ലഭിച്ചിട്ടും രാത്രി 9നാണ് മുഹമ്മദ് ഫൈസലിന് ജയിലിൽ നിന്നിറങ്ങാൻ കഴിഞ്ഞതെന്ന് ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞത്. ജനുവരി 26 ന് അദ്ദേഹം ജയിൽ മോചിതനായി. ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെൻഡ് ചെയ്തതോടെയാണ് മുഹമ്മദ് ഫൈസൽ ജയിൽ മോചിതനായത്.
തനിക്കെതിരെ നടന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നാണ് മുഹമ്മദ് ഫൈസൽ വ്യക്തമാക്കുന്നത്. തനിക്ക് മത്സരിക്കാൻ സാധിക്കാത്ത രീതിയിൽ ഒരു ഉപതെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. കോടതിവിധിയിൽ സന്തോഷമുണ്ടെന്നും തന്റെ എം.പി സ്ഥാനത്തിന് കല്പിച്ച അയോഗ്യത പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

