രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേര് മാറ്റി

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേര് മാറ്റി. അമൃത് ഉദ്യാൻ എന്നാണ് മുഗൾ ഗാർഡന്റെ പുതിയ പേര്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിനോട് ചേരുന്നതു കൊണ്ടാണ് ഈ പേര് നൽകിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഷാജഹാൻ ചക്രവർത്തി നിർമിച്ച കശ്മീർ ഉദ്യാനത്തിന് സമാനമായ രീതിയിൽ നിർമ്മിച്ചതിനാലാണ് മുഗൾ ഗാർഡൻ എന്ന പേര് ഈ ഉദ്യാനത്തിന് നൽകിയത്. ബ്രിട്ടിഷ് ഭരണകാലഘട്ടത്തിൽ രാഷ്ട്രപതി ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, പാർലമെന്റ് എന്നിവ ഉൾപ്പെടുന്ന ന്യൂഡൽഹിയുടെ ഭരണസിരാകേന്ദ്രങ്ങൾ നിർമ്മിക്കുന്ന സമയത്താണ് ഈ ഉദ്യാനവും നിർമ്മിച്ചത്.

സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുൻപുള്ള അധിനിവേശത്തിന്റെയും സ്വാധീനം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഗൾ ഗാർഡന്റെയും പേരുമാറ്റാൻ രാഷ്ട്രപതി ഭവൻ തീരുമാനിച്ചത്. ജനുവരി 31 മുതൽ മാർച്ച് 26 വരെ സാധാരണക്കാർക്കായി അമൃത് ഉദ്യാൻ തുറന്നു നൽകും.