എൽഡിഎഫിൽ ചർച്ചകൾ ഉണ്ടാകുന്നില്ല; വികസന രേഖ അംഗീകരിക്കുന്നതിലും ചർച്ച നടന്നില്ലെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. എൽഡിഎഫിൽ ചർച്ചകൾ ഉണ്ടാകുന്നില്ലെന്നാണ് ഗണേഷ് കുമാറിന്റെ വിമർശനം. പല വിഷയങ്ങളിലും ചർച്ചയുണ്ടാകുന്നില്ലെന്നും വികസന രേഖ അംഗീകരിക്കുന്നതിലും ചർച്ച നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായങ്ങൾ രണ്ടുമാസം മുൻപ് എഴുതി വാങ്ങുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ മേഖലയിലും സംസ്ഥാന സർക്കാർ ചെലവ് കുറയ്ക്കണം. റോഡ് നിർമ്മാണത്തിലുൾപ്പെടെ കാലതാമസമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലും സർക്കാരിനെതിരെ ഗണേഷ് കുമാർ നേരത്തെ ഗുരുതര വിമർശനം നടത്തയിരുന്നു. സർക്കാർ പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നതെന്നും എംഎൽഎമാർക്ക് നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണെന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ല. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരാ. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.