ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 17 അംഗ സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. 60 അംഗ നിയമസഭയില്‍ 48 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി.ജെ.പിയും പുറത്തുവിട്ടു.

ബാര്‍ജാലാ, മജലിശ്പുര്‍, ബാധാര്‍ഘട്ട്, ആര്‍.കെ പുര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് ധാരണ പ്രകാരമുള്ള 13 സീറ്റുകള്‍ക്ക് പുറമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മണിക് സാഹയ്‌ക്കെതിരെ മുന്‍ ബി.ജെ.പി. എം.എല്‍.എയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബര്‍ദോവാലി മണ്ഡലത്തില്‍ ആശിഷ് കുമാര്‍ സാഹ മണിക് സാഹയെ നേരിടും. കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് എം.എല്‍.എ സുദീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ തുടര്‍ന്നും മത്സരിക്കും.

അതേസമയം, കാലങ്ങളായി കോണ്‍ഗ്രസ് വിജയിച്ചു വരുന്ന മണ്ഡലമായ ബാധാര്‍ഘട്ട് കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന്റെ ധാരണ പ്രകാരം ഫോര്‍വേഡ് ബ്ലോക്കിനാണ് അനുവദിച്ചത്. ബി.ജെ.പി. സ്ഥാനാര്‍ഥി മിനാ സര്‍ക്കാരിന്റെ സഹോദരന്‍ രാജ്കുമാര്‍ സര്‍ക്കാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കും. ഇവരുടെ അനന്തരവന്‍ പാര്‍ഥ പ്രതിം സര്‍ക്കാരാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാനാര്‍ഥി. സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മൊബഷര്‍ അലിയടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കഴിഞ്ഞ ദിവസം ബി.ജെ.പി. പുറത്തുവിട്ടത്. തന്റെ സിറ്റിങ് സീറ്റായ കൈലാഷഹറില്‍ തന്നെ മൊബഷര്‍ അലി മത്സരിക്കും. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരില്‍ നിന്ന് ജനവിധി തേടും. നിലവിലെ മുഖ്യമന്ത്രി മണിക് സാഹയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.