പത്തനംതിട്ട: അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള്. തദേശ സ്വയം ഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 5000 രൂപ വരെ നൽകണമെന്നും ഉത്തരവിലുണ്ട്.
സ്വയംവരം സിനിമയുടെ അൻപതാം വാർഷികാഘോഷങ്ങൾ നടക്കുന്നത് പത്തനംതിട്ടയിലെ അടൂരിലാണ്. സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് പണം അവശ്യപ്പെട്ട് തദ്ദേശ വകുപ്പിന് അപേക്ഷ നൽകിയിരുന്നെന്ന് സംഘാടകസമിതി കൺവീനർ ബാബു ജോൺ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യാപകമായി പണം പിരിക്കാനുള്ള ആലോചന ഇല്ലെന്നും ആഘോഷ പരിപാടികൾ ലളിതമായി നടത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സ്വയംവരം സിനിമയുടെ വാർഷിക ആഘോഷങ്ങൾക്ക് ഫണ്ട് കൊടുക്കണമെന്നല്ല, താൽപര്യമുള്ളവർക്ക് കൊടുക്കാം എന്നാണ് ഉത്തരവെന്ന് തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സാധാരണ ചെയ്യുന്ന കാര്യമാണിതെന്നും മുമ്പ് നിരവധി തവണ ഇത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

