നിരന്തരം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല; ഗവർണർ

തിരുവനന്തപുരം: വീണ്ടും സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ ഉൾപ്പെടെ പല മേഖലകളിലും സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ഗവർണർ പറഞ്ഞു.

നിരന്തരം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ അറിയിച്ചു. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തിൽ തനിച്ച് തീരുമാനം എടുക്കാനാകില്ല. വിമർശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളിൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിനെ പ്രശംസിച്ച് കഴിഞ്ഞ ദിവസവും ഗവർണർ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തിലായിരുന്നു അദ്ദേഹം സർക്കാരിനെ പ്രശംസിച്ചത്. കൃഷി, പരിസ്ഥിതി, ഭവന നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി നവകേരള സൃഷ്ടിയെന്ന കാഴ്ചപ്പാടോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിക്കു കീഴിൽ 3.2ലക്ഷം വീടുകൾ പൂർത്തീകരിക്കാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ ചൂണ്ടിക്കാട്ടി. 2022ലെ ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ഏഷ്യയിലെ മുൻനിര പ്രകടനക്കാരായി അംഗീകരിക്കപ്പെട്ടത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റമായി വളരാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനു പ്രേരകശക്തിയാണ്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.2022ലെ ഇന്ത്യാ സ്‌കിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കളുടെ തൊഴിൽ ലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്താണ്. ആർദ്രം പദ്ധതിയിലൂടെ താഴേത്തട്ടു മുതൽ മെഡിക്കൽ കോളജുകളിൽ വരെ ആരോഗ്യ സൗകര്യങ്ങൾ പുനഃക്രമീകരിക്കുകയും ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇത് ആരോഗ്യ മേഖലയിലെ ദേശീയലക്ഷ്യങ്ങൾക്കനുസൃതമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നത്.