മിനിറ്റുകളുടെ വ്യത്യാസം; മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നു വീണു

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നു വീണു. രാജസ്ഥാനിലും മധ്യപ്രദേശിലുമായാണ് വ്യോമസേനാ വിമാനങ്ങൾ തകർന്നു വീണത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മൂന്നു വ്യോമസേനാ വിമാനങ്ങൾ തകർന്നു വീണതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും മധ്യപ്രദേശിലെ മോരേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകർന്നു വീണത്. മധ്യപ്രദേശിൽ സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് തകർന്നത്. ഗ്വാലിയാർ എയർവേസിൽ നിന്നും പുറപ്പെട്ട വിമാനങ്ങളാണിതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഭീൽവാഡയിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം നടന്നത്. രണ്ട് അപകടങ്ങളിലും ആളപായമുണ്ടായോ എന്ന വിവരം പുറത്തു വന്നിട്ടില്ല.

പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, രാജസ്ഥാനിൽ തകർന്നത് യുദ്ധ വിമാനാണോയെന്നും പൈലറ്റ് വിമാനത്തിനുള്ളിലുണ്ടോയെന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് രാജസ്ഥാൻ ഡി.എസ്.പി. വിശദമാക്കി.